Thursday, July 12, 2012


--- നിദ്രാടനം---


വാതിലുകള്‍ ചാരാതെ നീ എങ്ങോട്ടാണ്  പോയത്?
ഇരുട്ട് വാതായനങ്ങളെ മൂടി അതിന്റെ വന്യത രൂഷമാക്കിക്കഴിഞ്ഞിരിക്കുന്നു.
ജാലകങ്ങള്‍ക്കപ്പുറത്തെ വിജനമായ വഴിയോരത്തെ രാക്ഷസ്സരൂപം പൂണ്ട മരങ്ങള്‍ ഇപ്പോള്‍ നീളെ പൂക്കള്‍ പോഴിക്കുന്നുണ്ടാകും.
വിജനമായ വനങ്ങള്‍ കടന്ന്  നിന്റെ യാത്ര മഞ്ഞു നിറഞ്ഞ താഴ്വരകളെ തേടിയിട്ടുണ്ടാകാം.
വെളുത്ത കൊക്കിന്‍ പറ്റം നിന്നെക്കടന്നു മാനസസരസ്സുകള്‍ തേടി പറക്കുന്നുണ്ടാവാം.
ഇവിടെ, ഭീതിതമായ രാത്രി ഇന്ന് ഏകാന്തവും സുഗന്ധ പൂരിതവുമാണ്.
നീ എവിടെയാണ്?

നിശാനൃത്ത വേദികളില്‍ അലയടിക്കുന്ന വെളിച്ചം.
നിറയുന്ന വേദന.
നീറുന്ന ഞരമ്പുകള്‍
ശവപ്പറമ്പിന്റെ അതിരുകള്‍ തോറും ഇപ്പോള്‍ നിശാഗന്ധികള്‍ പൂക്കാറില്ല.
മഞ്ഞുകാലം കഴിഞ്ഞ്‌  ആദ്യം  പൂക്കാറുള്ള വയലറ്റ് പൂക്കള്‍ വിഷാദം ചുരത്തുന്നു.
ഏകാന്തത ചൂളം വിളിക്കുന്ന നെടുനീളന്‍ വഴിയോരത്തെ
കാറ്റാടിമരങ്ങള്‍ ഇന്ന് അശാന്തിയുടെ ഓര്‍മയാണ്.


---വൃഷ്ടി.---

അവളുടെ ശരീരം ഒരു വ്യഭിചാരിണിയുടെതാണ്.
നിറങ്ങള്‍ വാരിപ്പൂശിയ അവളുടെ ബാല്യം.
പൌരുഷങ്ങള്‍ ദുരതീര്‍ത്ത കൌമാരം.
തൃഷ്ണകള്‍ ആര്‍ത്തിരമ്പിയൊഴുകിയ യൌവനം.
ഇന്ന് അവളുടെ ഗുഹ്യരന്ധ്രങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്ന അഴുക്കാണ്‌ .

നിത്യകാമുകനായ വാനം ഇരുണ്ടുകൂടിയ മേഘരാജികളായി താഴേക്കിറങ്ങി...
വര്‍ഷധൂളികള്‍ ചേര്‍ത്ത് ഒന്നു ചുംബിച്ചു
അവളെ - നഗരത്തെ...അവളുടെ ഭൂതകാലസ്മ്രുതികളെ.